Kerala
വൈപ്പിൻ: മുനമ്പത്ത് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ച ഭൂമി വഖഫിന്റേതല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിട്ടും ഭൂവുടമകൾക്ക് നികുതി അടയ്ക്കാനുള്ള സൗകര്യം ഒരുക്കാൻ ശ്രമിക്കാതെ വഖഫ് ബോർഡിനു വേണ്ടി സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇതു തുടർന്നാൽ സമരത്തിന്റെ മുഖം മാറുമെന്ന് സമിതി സർക്കാരിനു മുന്നറിയിപ്പ് നൽകി.കോടതി ഉത്തരവ് വന്നതോടെ ഭൂമിയുടെ കരം അടയ്ക്കുന്നതിനും ക്രയവിക്രയം നടത്തുന്നതിനും യാതൊരു നിയമതടസവുമില്ല. എന്നാൽ അതിനാവശ്യമായ നിർദേശം വില്ലേജ് അധികാരികൾക്ക് നൽകിയിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്. ഇതിനിടെ സർക്കാർ നിയന്ത്രണത്തിലുള്ള വഖഫ് ബോർഡ് ഹൈക്കോടതി വിധി അസ്ഥിരപ്പെടുത്തുന്നതിനായി റിവ്യു ഹർജി സമർപ്പിക്കാൻ നീക്കം നടത്തുന്നുണ്ട്.
ഇതിലൂടെ മുനമ്പം നിവാസികളെ സർക്കാർ കബളിപ്പിക്കുകയാണ്. മുനമ്പം നിവാസികൾക്കുവേണ്ടി വഖഫ് ട്രൈബ്യൂണലിൽ ഫയൽ ചെയ്ത ഹർജി എത്രയും വേഗം തീർപ്പാക്കാനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഭൂസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സമിതി ചെയർമാൻ ജോസഫ് റോക്കി പാലയ്ക്കൽ, ഫാ. ആന്റണി സേവ്യർ തറയിൽ, മുരുകൻ കാതികുളത്ത്, എ.എൻ. ശ്യാംകുമാർ, ജോസഫ് ബെന്നി കുറുപ്പശേരി, രഘു കടുവങ്കശേരി, സനീഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.